Kerala
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്‍
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്‍, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്‍ട്ടികള്‍ച്ചര്‍, ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്സ്, മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്, ഫിസിക്സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എപിഡെമിയോളൊജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ എംഫില്‍. ബിരുദം / കുറഞ്ഞത് 55 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ 4 വര്‍ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര്‍ നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര്‍ / സിയുടിഎന്‍ നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്‍.
അപേക്ഷ
അപേക്ഷകര്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്‍ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്‍ഡ് ജെന്‍ഡര്‍ അപേക്ഷകര്‍ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില്‍ സിഎസ്ഐആര്‍/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്‍ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്‍ക്ക്: ടെലിഫോണ്‍: +919442488406
ഇ-മെയില്‍: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ രൂപീകരിച്ച കതിര് ക്ലബ്ബുകളോടനുബന്ധിച്ച് കര്‍ഷകരായ വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സംസ്ഥാനം.
ഇതിനുള്ള പ്രാരംഭനടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൃഷി വകുപ്പ് ആരംഭിച്ചു. ഇതു പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്തു കൃഷിക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് കതിര് ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചത്. പുതുതലമുറയില്‍ കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ തുടര്‍ച്ചയായി കനിപ്പന്തല്‍ ഇനി വിദ്യാലയങ്ങളിലും പദ്ധതിയിലൂടെ 2,921 വിദ്യാലയങ്ങളില്‍ പഴവര്‍ഗ പോഷക തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്.
District News
പാലക്കാട:് ജില്ലയിലെ നടുപ്പതി ആദിവാസി മേഖലയിലെ ജിടിഡബ്ല്യു എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പ്രദേശത്തെ കുടിവെള്ളത്തിൽ അണുക്കളും ഉപ്പുരസവും കൂടുതലുള്ളതിനാൽ വിദ്യാർഥികൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തൃശൂർ ശ്രീകേരളവർമ കോളജ് ബികോം ഓൾഡ് ബാച്ച് 1973-76 ആണ് വാട്ടർ പ്യൂരിഫയർ സ്പോണ്സർ ചെയ്തത്.
ഒലീവിയ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എൻ. ജഗദീശ്വരൻ വാട്ടർ പ്യൂരിഫയർ സ്കൂൾ അധികൃതർക്ക് കൈമാറി. കാരംസ് ബോർഡ്, ചെസ് ബോർഡ്, ഫുട്ബോൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ സിഎംഡി കെ.ടി. കൃഷ്ണകുമാർ, മഹാലക്ഷ്മി ജഗദീശ്വരൻ, ഒലീവിയ ഫൗണ്ടേഷൻ ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ, പ്രോജക്ട് അസിസ്റ്റന്റ് രാജാത്തി, ഫൈസൽ, ഹെലൻ (പ്രിൻസിപ്പൽ), അധ്യാപികമാരായ പി.എസ്. ദീപ, എസ്. രാജി പങ്കെടുത്തു.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില്‍ മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച അമല്‍ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പുതിയ കോഴ്സുകള്‍ ഒരുക്കി വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക് ടര്‍ ഫാ.ഡോ. റോയി പഴയപറമ്പില്‍, അമല്‍ ജ്യോതി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
National
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കത്തിയുമായി എത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ആയുധങ്ങൾ കരുതിയതെന്നാണ് അധ്യാപികയുടെ വിശദീകരണം. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. ആക്രമിക്കാൻ വരുന്ന നായ്ക്കളെ തുരത്താൻ മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും, ആരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം, സ്കൂളുകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
District News
അമ്പലപ്പുഴ: കാക്കാഴം എസ്എൻവി ടിടിഐ സ്കൂളിൽ മോഷണം. സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 10 സീലിംഗ് ഫാനുകളും സീലിംഗിനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പിന്റെ ബാക്കിയും ആണ് മോഷണം പോയത്. സ്കൂളിലെ ജീവനക്കാരൻ ഇതിലേ കടന്നു പോയപ്പോൾ കെട്ടിടത്തിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ സൂക്ഷിച്ചിരുന്നവ നഷ്ടപ്പെട്ടത് അറിഞ്ഞത്. കെട്ടിടത്തിന്റെയും മുറിയുടെയും വാതിലുകൾ തകർത്താണ് മോഷണം നടത്തിയത്. അമ്പലപ്പുഴ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്കൂൾ മാനേജർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.
Kerala
ആലപ്പുഴ: ജി.സുധാകരൻ എംഎൽഎയും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിലെ മണ്ണുകടത്ത് ആരോപണവുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
പാർട്ടിയിൽ നിന്ന് എല്ലാം നേടിയ ശേഷമാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പരസ്യമായി ആക്ഷേപിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. താൻ 25,000 വോട്ടുകളുടെ വൻ ഭൂരിപക്ഷം നേടി ജനപിന്തുണയോടെയാണ് വിജയിച്ചതെന്നും ആരുടെയും ദയയിലല്ല താൻ ഉയർന്നുവന്നതെന്നും സുധാകരൻ പറഞ്ഞു.
നീർക്കുന്നം സ്കൂളിലെ കെട്ടിടം പൊളിച്ചതിന് പിന്നാലെ അവിടെനിന്ന് വൻതോതിൽ മണ്ണ് കടത്തുന്നു എന്ന വിവരമറിഞ്ഞാണ് ജി. സുധാകരൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥലത്തെത്തിയത്. മണ്ണ് നീക്കം ചെയ്തത് കാരണം സ്കൂൾ പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതായും സുധാകരൻ ആരോപിച്ചു.
എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, സ്കൂൾ പിടിഎ പ്രസിഡന്റും മുൻ എംഎൽഎ എച്ച്. സലാമിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന പ്രശാന്ത് കുട്ടി എന്നിവർ സുധാകരന്റെ ആരോപണങ്ങളെ ശക്തമായി എതിർത്തു. മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും സുധാകരൻ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും അവർ വാദിച്ചു.
തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദവും കൈയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ സുധാകരനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ തങ്ങളെ മർദിച്ചതായി സിപിഎം നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ പ്രശാന്ത് കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താൻ രാഷ്ട്രീയം കളിക്കാൻ വന്നതല്ലെന്നും സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന മണ്ണുകടത്ത് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും ജി. സുധാകരൻ വ്യക്തമാക്കി. സുധാകരൻ ബോധപൂർവം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കോൺഗ്രസുകാരെയും കൂട്ടി പ്രശ്നമുണ്ടാക്കാൻ എത്തിയതാണെന്നാണ് സിപിഎം പ്രവർത്തകരുടെ ആക്ഷേപം.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
District News
പാലക്കാട്: ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവർക്ക് ഇഷ്ടപ്പെട്ട വ്യത്യസ്തങ്ങളായ ജേഴ്സികൾ അണിഞ്ഞുകൊണ്ട് സ്കൂളിൽ അണിനിരന്നു.
സ്കൂൾ മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ വേൾഡ് കപ്പിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ് എന്നിവർ കുട്ടികൾക്കു നിർദേശങ്ങൾ നൽകി. സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളിൽ കായികബോധവും കൂട്ടായ്മയും വളർത്തുന്നതിനും ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം പങ്കുവയ്ക്കുന്നതിനും സഹായകമായി.
അസിസ്റ്റന്റ് മാനേജർ ഫാ. ആശിഷ് പെരുംപുഴയുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
District News
പിലിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്കൂള്‍തല പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പിലിക്കോട് ഗവ. യുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന് നിര്‍വഹിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസ്, സ്കൂളിനകത്തെ ക്ലോറിനേഷന് എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക വി. യമുന, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. ഹരിദാസ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ്, പിടിഎ പ്രസിഡന്റ് ടി. പ്രദീപ്, മദര്‍ പിടിഎ പ്രസിഡന്റ് അശ്വതി മഹേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. മഹേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ചേർപ്പ്: വേൾഡ് കപ്പ് ഫുട്ബാൾ ട്രോഫിയുടെ ആറടി എട്ടിഞ്ച് ഉയരത്തിലുള്ള മാതൃകയുമായി ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂൾ .
ചിത്രകലാധ്യാപകനായ കെ.ആർ. രഞ്ജിത്താണ് ട്രോഫി തയാറാക്കിയത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ മുറ്റത്ത് നടക്കുന്ന ആഘോഷപരിപാടികളിൽ എഫ്സി കേരള, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളുടെ ഫുട്ബോൾ താരങ്ങളായ വി.എസ്. ശ്രീക്കുട്ടൻ, ഫുവാദ് ഐമാൻ എന്നിവർ അതിഥികളായെത്തും. കുട്ടികൾ തയാറാക്കിയ വേൾഡ് കപ്പ് രാജ്യങ്ങളുടെ പതാകകളുടെ പ്രദർശനം, ചെണ്ടമേളം തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടും.
വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും തങ്ങളുടെ പ്രിയപ്പെട്ട ഫുട്ബാൾ ടീമുകളുടെ ജഴ്സികളണിഞ്ഞ് ആഘോഷത്തിൽ പങ്കുചേരും.
District News
കൂറ്റനാട്: മേഴത്തൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം വി. ടി ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് വാങ്ങിയ കെ. കൃഷ്ണജ ഉൾപ്പെടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായവരെയും ആദരിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ചു.
സ്കൂൾ ശതാബ്ദി സ്മരണിക എംഎൽഎ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിരാദേവി ടീച്ചർ സ്മരണിക ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ദിവ്യ, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം പ്രിയ പ്രമോദ്, പിടിഎ പ്രസിഡന്റ് പി.എം. ശശികുമാർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ബി. ഷെൽജ സ്വാഗതവും ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Agriculture
കുട്ടികളിൽ കാർഷിക സംസ്കാരവും സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിൽ "നമ്മുടെ കൃഷിത്തോട്ടം’ എന്ന പദ്ധതിയിലൂടെ ജൈവകൃഷി മാതൃകാപരമായി നടപ്പിലാക്കുന്നു.
പഠനത്തിലെ നിഷ്ക്രിയത്വത്തിൽനിന്ന് പ്രായോഗികവും അനുഭവപരമായ വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ നയിക്കുന്ന ഈ പദ്ധതി ശ്രദ്ധേയമാകുകയാണ്. സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റിയും ചെടിച്ചട്ടികളിൽ മണ്ണ് നിറച്ചുമാണ് കൃഷി നടത്തുന്നത്.
വഴുതന, പയർ, ബീൻസ്, കാബേജ്, തക്കാളി, കോളിഫ്ളവർ, കക്കരി, വാഴ, ഇഞ്ചി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നു.
കൃഷിഭവൻ, ആർ.എ.ആർ.എസ്. എന്നിവിടങ്ങളിൽനിന്നുള്ള ഗുണമേന്മയുള്ള വിത്തുകളും തൈകളുമാണ് ഉപയോഗിക്കുന്നത്. ജൈവവളങ്ങൾ മാത്രം പ്രയോഗിച്ച് രാവിലെയും വൈകിട്ടും ഇടവേള സമയങ്ങളിലും കുട്ടികളുടെ നേതൃത്വത്തിൽ കൃഷി പരിപാലനം നടത്തുന്നു.
പ്രധാനാധ്യാപിക സിസ്റ്റർ ഫിലോമിന ലീന, കോർഡിനേറ്റർ ശാരിക മങ്ങാട്ട് എന്നിവരാണ് ജൈവകൃഷിക്ക് നേതൃത്വം നൽകുന്നത്. സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ കാർഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു വിളവെടുപ്പ് ഫലപ്രദമാക്കുന്നു.
Kerala
അടൂര്‍: പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്ന് മുതല്‍ 12 വരെയുള്ള 43 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. അപകട മരണം സംഭവിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തും.
20,000 ഓാളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. 50 ല്‍ അധികം പട്ടികവര്‍ഗ വിദ്യാര്‍ഥികളുള്ള 340 സ്കൂളുകള്‍ക്ക് 60 കോടി രൂപയുടെ സ്പെഷല്‍ എന്‍ റിച്ച്മെന്റ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.
Agriculture
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ വിപുലമായ കാർഷിക പ്രവർത്തനങ്ങൾ നടത്തി നൂറുമേനി വിളവെടുക്കുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെയും പിടിഎയുടെയും മാനേജ്മെന്റിന്റെയും പിന്തുണയോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനും വിദ്യാർഥികൾക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനും വിഷമില്ലാത്ത ധാരാളം പച്ചക്കറികൾ ഉല്‍പ്പാദിപ്പിക്കുന്നതിനും സ്കൂൾ കൃഷി കാരണമായിട്ടുണ്ട്.
പയർ, പച്ചമുളക്, വെണ്ട, വഴുതന, തക്കാളി, ചുരക്ക, കോവൽ, പാവൽ, പടവലം, മത്തൻ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. വിളവെടുക്കുന്നവ സ്കൂൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗിക്കുന്നു.
മികച്ച രീതിയിൽ വീടുകളിൽ കൃഷി ചെയ്യുന്ന കുട്ടിക്കർഷകരെ കണ്ടെത്തി ആദരിച്ചു വരുന്നു. പച്ചക്കറി കൃഷിക്കു പുറമെ വിദ്യാലയ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും കാരറ്റുമൊക്കെ കൃഷി ചെയ്തു വരുന്നു.
വിളവെടുത്ത കരനെല്ല് പായസമായും ചോളം ചോളപ്പൊരിയാക്കിയും കാരറ്റ് ജ്യൂസാക്കിയും വിദ്യാർഥികൾക്ക് നൽകി ചരിത്രം കുറിക്കുകയാണ് ഈ വിദ്യാലയം.
Kerala
തിരുവനന്തപുരം: എയ്ഡഡ് മേഖലയില്‍ സ്കൂള്‍ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂള്‍ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എന്‍എസ്എസ്ഉം എസ്എന്‍ഡിപിയും പ്രത്യേക അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്കിയാലും പരിശോധിച്ചു മാത്രമേ അനുവദിക്കൂ. തുടങ്ങിയാലും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങണമെന്നാണ് നിലപാട്. സ്കൂള്‍ അനുവദിക്കാത്തതില്‍ മതപരമായ കാരണം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
District News
കരിന്തളം: കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിനു കീഴിൽ വിജയവാഡ കെഎൽ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച നാഷണൽ ട്രൈബൽ കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായുള്ള ഇംഗ്ലീഷ് നാടക മത്സരത്തിൽ സീനിയർ, ജൂണിയർ വിഭാഗങ്ങളിൽ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഒന്നാം സ്ഥാനം. പദ്മനാഭൻ ബ്ലാത്തൂർ രചിച്ച് ഉദയൻ കുണ്ടംകുഴി സംവിധാനം ചെയ്ത ചന്തു, കരിന്തണ്ടൻ എന്നീ നാടകങ്ങളാണ് ഒന്നാംസ്ഥാനം നേടിയത്.
എൻസിഇആർടിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 20 മുതൽ പൂനെയിൽ നടക്കുന്ന രാജ്യാന്തര കലാ ഉത്സവിലേക്കും ഈ നാടകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
പിറന്ന മണ്ണിന്റെ മാനം കാക്കാൻ ജീവൻ ബലിയർപ്പിച്ച തലയ്ക്കൽ ചന്തുവിന്റെയും വയനാട്ടിലേക്ക് ചുരംപാത നിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴി കാട്ടിക്കൊടുത്ത കരിന്തണ്ടന്റെയും കഥ പറയുന്നതാണ് നാടകങ്ങൾ.
ബാലകൃഷ്ണൻ ചെർക്കളയാണ് സംഭാഷണങ്ങൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. വിദ്യാർഥികളായ ആകാൻഷ, നീരജ്, സങ്കീർത്തന, അനശ്വര എന്നിവർ സീനിയർ വിഭാഗത്തിലും സൂരജ്, ഹർഷൻ, പ്രജിത്ത്, മൗനിക, അവനിക, സാംഖ്യ, സിദ്ധാർഥ് എന്നിവർ ജൂണിയർ വിഭാഗത്തിലും അഭിനേതാക്കളായി. 28 സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാടകങ്ങളോട് മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. കുട്ടികളുടെ വ്യക്തിത്വ വികസന പരിപാടികളുടെ ഭാഗമായി ഉദയൻ കുണ്ടംകുഴിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ തിയേറ്റർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നാല് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ രക്ഷപെടുകയും ചെയ്തുവെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രതാപ് പറഞ്ഞു.
അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ബലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.
ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും സമ്മാനത്തുകയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ പ്രാർഥനയിലെ ഏകീകരണം നടത്തും. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർഥന നടക്കുന്നു. വിദ്യാർഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പാചകത്തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കമുള്ള സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ളവയ്ക്കാണ് തുക അനുവദിച്ചത്.
കൂടാതെ, അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തീയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നേരത്തെ കലോത്സവം ജനുവരി ഏഴു മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റമെന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്നാണ് തീയതി മാറ്റാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
Kerala
കൊല്ലം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തെ തുടർന്ന് കൊല്ലം നഗരപരിധിയിലെ 26 സ്കൂളുകൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചു.
75ന്റെ നിറവിൽ എത്തിനിൽക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതിയെത്തുന്നത്.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ട ജിഎൽപി സ്കൂളിൽ നിർമിച്ച വർണക്കൂടാരം വിദ്യാർഥികൾക്ക് സമർപ്പിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ വർണക്കൂടാരം ഒരുക്കിയത്.
പ്രീ പ്രൈമറി വിദ്യാർഥികൾക്ക് മാനസികോല്ലാസം സമ്മാനിക്കുക, വിവിധ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വർണക്കൂടാരം സജ്ജമാക്കിയത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും വൻ സ്വീകരണമാണ് സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയത്. കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ബാന്റ്വാദ്യ അകന്പടിയോടെയാണ് ഇവരെ സ്വീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, ടി.കെ.ഉമ്മർ, ബ്ലോക്ക് അംഗം ഷൈലേഷ് പട്ടിക്കാടൻ, വാർഡ് അംഗം ഇ.കുഞ്ഞാണി, ഐ.ടി. സാജിത, ടി.പി. അറമുഖൻ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർപഠനത്തിന് വിദ്യാർഥിനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി.
വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിന് നൽകിയ നോട്ടീസ് നിയമവിരുദ്ധവും വാസ്തവ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ മാനേജർ നൽകിയ ഹർജിയാണ് ജസ്റ്റീസ് വി.ജി. അരുൺ തീർപ്പാക്കിയത്. ഭരണഘടനയുടെ അടിത്തറയായ മതസൗഹാർദ്ദം വിജയിക്കട്ടെ എന്ന് കോടതി പറഞ്ഞു
ഭരണഘടനാ അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു. എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു.
Kerala
അട്ടപ്പാടി: സ്കൂൾ പരിസരത്ത് പുലിയെത്തിയതിനാൽ അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപിഎസിന് അവധി പ്രഖ്യാപിച്ചു. സ്കൂളിനു സമീപത്ത് പുലിയെത്തിയെന്നും വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതർ പറഞ്ഞു.
രണ്ടുദിവസമായി സ്കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും വ്യക്തമാക്കി. അധ്യാപകരുടെ ക്വാര്‍ട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പുഴ വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി പിടിച്ചിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്.
Sports
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണില്ലെത്തി.
ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.
14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും ത്രോ ഇനങ്ങൾക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയവും വേദിയാകും. ഇന്നലെ രാത്രി ഏറനാട് എക്സ്പ്രസിൽ എത്തിയ കായികതാരങ്ങളെ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
നാളെ മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുക. 23 മുതലാണ് ഗെയിംസിന്റെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സ് മത്സരങ്ങൾ. ഇന്ന് ഇൻക്ലൂസീവ് സ്പോർട്സിൽ 1,944 കായികതാരങ്ങളാണ് മത്സരിക്കുക.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 12 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 1,000 ഒഫീഷൽസുകളും 2,000 വോളണ്ടിയേഴ്സും കായികമേളയുടെ സുഗമമായ പ്രവർത്തനത്തിന് അണിനിരക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. വിവിധ ജില്ലാ ടീമുകൾ ഇന്ന് അവസാനവട്ട പരിശീലനവും പൂർത്തിയാക്കി നാളെ പോരാട്ടത്തിനായി ഇറങ്ങും.
ഓവറോൾ ചാന്പ്യൻ പട്ടത്തിനായി ഉള്ള പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരവും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ തൃശൂരും മൂന്നാം സ്ഥാനക്കാരായ മലപ്പുറവും തൊട്ടുപിന്നാലെയെത്തിയ പാലക്കാടുമെല്ലാം കൈമെയ് മറന്നുള്ള പ്രകടനത്തിനാവും തയാറെടുക്കുക.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം.
ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്.
സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.
Kerala
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരേ വീണ്ടും വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച മൂലമാണ് പോകാത്തതെന്നും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ആവശ്യമില്ല. എന്നാല്‍, സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു.
നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളു. ഏതെങ്കിലും ഒരു മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ല. അങ്ങനെ കേരളത്തില്‍ ഒരു കീഴ്വഴക്കവും ഇല്ല.
ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. അതൊക്കെ വിരോധാഭാസമായിട്ടേ കാണാന്‍ പറ്റുള്ളു. വാശിയും വൈരാഗ്യവും മാറ്റിവെച്ച് കുട്ടിയെ ഉള്‍ക്കൊണ്ട് പഠിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നതാണ് നല്ലതെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, പാലക്കാട്ടെ 14 കാരന്റെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വീണ്ടും മലക്കംമറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂള്‍ മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി.
പ്രശ്ന പരിഹാരത്തിന് ശേഷവും സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂള്‍ അധികൃതരുടെ ഭാഗത്ത്നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്മെന്റിന് ഓര്മ വേണം. സര്‍ക്കാരിന് മുകളിലാണ് തങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
Kerala
കോട്ടയം: പള്ളുരുത്തിയിലെ സ്കൂളിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പി.സി. ജോർജ്. കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണെന്നും പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് സംസ്ഥാനത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പറയാനുള്ളത് കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും തന്നെ വർഗീയവാദിയാക്കാൻ മത്സരിച്ചു. ഇന്നും തന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ താൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടുമെന്നും കാലം ബോധ്യപ്പെടുത്തുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
പി.സി. ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നില്ലേ അറിഞ്ഞില്ലേ എന്ന് പലരും വിളിച്ചു ചോദിച്ചു. എനിക്ക് പറയാനുള്ളത് ഞാൻ കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്. അന്നൊക്കെ എല്ലാവരും എന്നെ വർഗീയവാദിയാക്കാൻ മത്സരിച്ചു.
എതിർ ശബ്ദമുയർത്തിയ എന്നെ പൂഞ്ഞാറിൽ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ കെണിയിൽ പലരും വീണു. എന്റെ പരാജയം അവരുടെ വിജയമായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളം ഇത് വരെ കാണാത്ത രീതിയിൽ ഉള്ള കടന്നുകയറ്റം സമസ്ത മേഖലയിലും നമ്മൾ കണ്ടു. ഇപ്പോഴും കാണുന്നു. ഇനിയും കൂടുതൽ കൂടുതൽ കാണാം.
ഇത്രയധികം പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചു കേരളത്തിൽ. അവരെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ല. ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്.
ഇന്നും എന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ ഞാൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടും. കാലം ബോധ്യപ്പെടുത്തും.
Kerala
കൊച്ചി: എറണാകുളം വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 14 ഓളം വിദ്യാര്‍ഥികള്‍ പനി ബാധിതരുമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു പൂട്ടി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുക.
അതേസമയം, ഭയാനകമായ അന്തരീക്ഷം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.നേരത്തെ വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചിരുന്നു.
പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാമ്പസ് അടച്ചത്.